കാൽഗരി: കാനഡ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ കിരീടം ചൂടി. ഫൈനലിൽ പരാജയപ്പെടുത്തിയത് ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ലി ഷി ഫെങ്ങിനെ. ചൈനീസ് താരത്തിനെതിരേ തുടർച്ചയായ ഗെയിമുകളിലാണ് ഇരുപത്തൊന്നുകാരൻ ജയം കുറിച്ചത്.

രണ്ടാം ഗെയിമിൽ നാല് ഗെയിം പോയിന്‍റുകൾ അതിജീവിച്ചാണ് വിജയം സ്വന്തമാക്കിയത്. സ്കോർ: 21-18, 22-20. ഒളിംപിക് യോഗ്യതാ വർഷത്തിൽ ഈ കിരീട നേട്ടം തന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ലക്ഷ്യയുടെ പ്രതികരണം.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ശേഷം ലക്ഷ്യയുടെ ആദ്യ കിരീടനേട്ടമാണ് കാനഡയിലേത്. സീസണിന്‍റെ തുടക്കത്തിൽ ഫോം കണ്ടെത്താനാവാതെ വിഷമിച്ച ലക്ഷ്യയുടെ ലോക റാങ്കിങ് പത്തൊമ്പതിലേക്കു താഴ്ന്നിരുന്നു. ആറാം റാങ്ക് വരെ ഉയർന്ന ശേഷമായിരുന്നു ഈ തകർച്ച.