തൊടുപുഴ: കോളപ്ര ചക്കുളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിൽ 17ന് കർക്കിടക വാവുബലിയും ഓഗസ്റ്റ് 16വരെ രാമായണ മാസാചരണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം മേൽശാന്തി ഇരളിയൂർമന ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി രാമായണ മാസാചരണ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. ഇതിനോട് അനുബന്ധിച്ച് രാമായണ പാരായണം, വിശേഷാൽ പൂജ, ഭഗവതിസേവ തുടങ്ങിയവ ഉണ്ടായിരിക്കും.
കർക്കിടക വാവുബലി ദിവസം രാവിലെ അഞ്ച് മുതൽ നടക്കുന്ന ശ്രാദ്ധപിണ്ഡത്തോടു കൂടിയ ബലിതർപ്പണത്തിന് കോതമംഗലം ഇടപ്പിള്ളി ഇല്ലം അനൂപ് എസ് ഇളയത് നേതൃത്വം നൽകും. ബലിതർപ്പണം, പിതൃപൂജ, വിഷ്ണുപൂജ, ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ട്, ശ്രാദ്ധഊട്ട് തുടങ്ങിയ ചടങ്ങുകളും അന്ന് നടത്തുമെന്ന് ക്ഷത്രം സെക്രട്ടറി ഷാജികുമാർ കെ.എ അറിയിച്ചു.