ന്യൂഡൽഹി: പൊലീസെന്ന വ്യാജേന കോളെജ് വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ രവി സോളങ്കി എന്നയാളാണ് അറസ്റ്റിലായത്.
പ്രശാന്ത് വിഹാറിൽ യുവതിയുടെ അപ്പാർട്ട്മെന്‍റിനു സമീപമാണ് സംഭവം. കാമുകനൊപ്പമുള്ള യുവതിയുടെ ചിത്രങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. തുടർന്ന് യുവതിയെ വീടിനു മുന്നിൽ കാമുകൻ ഇറക്കിവിടുന്നതു വരെ ബൈക്കിൽ പിന്തുടർന്നു.
അപ്പാർട്ട്മെന്‍റിലേക്ക് കയറുന്നതിനു മുമ്പ് യുവതിയെ തടഞ്ഞു നിർത്തി ഇയാൾ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു. കാമുകനൊപ്പമുള്ള ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി.
തുടർന്ന് സ്റ്റെയർകേസിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. താൻ പീഡിപ്പിക്കപ്പെട്ട വിവരം യുവതി കാമുകനോട് പറയുകയും ഇരുവരും ഒന്നിച്ചെത്തി പരാതി നൽകുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു.