ന്യൂഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. സാക്ഷം പ്രുതിയാണ്(24) മരിച്ചത്. ചൊവ്വാഴ്ച രോഹിണി സെക്‌ടർ 15ലെ ജിമ്മിലെത്തിയ ഇയാൾ രാവിലെ 7.30ഓടെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അബോധാവസ്ഥയിലായ യുവാവിനെ ഉടനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
ശേഷം ജിം മാനേജർ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് തുല്യമല്ലാത്ത മന:പൂർവ്വമല്ലാത്ത നരഹത്യ, യന്ത്രസാമഗ്രികളുടെ അശ്രദ്ധമായി കൈകാര്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
ബി.ടെക്ക് പൂർത്തിയായ സാക്ഷം ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.