തൊടുപുഴ: തൊഴിൽ തേടി മണലാരണ്യത്തിലെത്തി അപ്രതീക്ഷിതമായി ജയിലഴിക്കുള്ളിലായ തനിക്ക് പുതുജീവിതം നൽകിയ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ തേങ്ങുകയാണ് ഇടുക്കി കുളമാവ് സ്വദേശി വിനീഷ് പാപ്പച്ചൻ.
2012 ലാണ് ജോലി തേടി വിനീഷ് സൗദിയിൽ എത്തിയത്. അറബിയുടെ ഡ്രൈവർ ജോലി ശരിയായി. ആറ് മാസത്തോളം ജോലി ചെയ്തു. ഇതിനിടെയായായിരുന്നു വിനീഷിൻ്റെ ജീവിതം മാറ്റി മറിച്ച സംഭവം. എല്ലാത്തരം വാഹനങ്ങളും ഓടിക്കാനറിയാവുന്ന വിനീഷിനെ സ്പോൺസർ ട്രാക്ടർ ഓടിക്കാൻ ഏൽപ്പിച്ചു. ഒരു ദിവസം ട്രാക്ടർ ഇടിച്ച് സൗദി പൗരൻ മരിച്ചു.
ഇതോടെ അറസ്റ്റിലായ വിനീഷ് ജയിലിലായി. 36.25 ലക്ഷം രൂപയാണ് മോചനദ്രവ്യമായി മരിച്ച സൗദി പൗരൻ്റെ കുടുംബം മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. ഈ ആവശ്യം അവിടുത്തെ കോടതിയും ശരിവച്ചു. നിർദ്ധനരായ വിനീഷിൻ്റെ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു തുക.
മോചനത്തിനായി നോർക്കയെ സമീപിച്ചപ്പോൾ സ്വകാര്യ കമ്പനി വഴി പോയതിനാൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇതോടെ ജയിലിന് പുറത്തിറങ്ങാനാകുമെന്ന തൻ്റെ പ്രതീക്ഷ അസ്തമിച്ചിചിരുന്നതായി വിനീഷ് പറഞ്ഞു.
ദു:ഖത്തിലായ വിനീഷിൻ്റെ കുടുംബം അന്നത്തെ ഇടുക്കി ഡി.സി.സി പ്രസിഡൻറായിരുന്ന റോയി കെ.പൗലോസ് മുഖാന്തിരം വിഷയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകിയ ഉമ്മൻചാണ്ടി സൗദിയിലെ സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പേഴ്സണൽ സ്റ്റാഫ് ശിവദാസൻ സൗദിയിൽ ക്യാമ്പ് ചെയ്ത് വിനീഷിൻ്റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിലാക്കി.
തുടർന്ന് സൗദിയിലെ സന്നദ്ധ പ്രവർത്തകനും വ്യവസായിയും അൽ അബീർ മെഡിക്കൽ സെൻ്റർ ഉടമയുമായ ആലുങ്കൽ മുഹമ്മദ് മോചന ദ്രവ്യം നൽകി വിനീഷിൻ്റെ മോചനം യാതാർത്ഥ്യം ആക്കുകയായിരുന്നു. ഒന്നര വർഷത്തോളം വിനീഷിന് ജയിലിൽ കഴിയേണ്ടി വന്നു.
നാട്ടിലെത്തിയ വിനീഷ് കുടുംബ സമേതം തിരുവനന്തപുരത്തെത്തി ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് നന്ദി പറഞ്ഞിരുന്നു. ഇരുളറയിൽ മറയുമായിരുന്ന ജീവിതത്തിലെ പുതുയുഗമാണ് ഉമ്മൻചാണ്ടിയെന്ന മനുഷ്യ സ്നേഹി തനിക്ക് സമ്മാനിച്ചതെന്ന് വിനീഷ് നിറകണ്ണുകളോടെ സ്മരിക്കുന്നു.