Timely news thodupuzha

logo

ഷാജൻ സ്‌കറിയക്ക്‌ ഒരാഴ്‌ചയ്‌ക്കകം വീണ്ടും നോട്ടീസ്‌ അയക്കാനൊരുങ്ങി ഇ.ഡി

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയക്ക്‌ ഒരാഴ്‌ചയ്‌ക്കകം വീണ്ടും നോട്ടീസ്‌ അയക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ജൂൺ 29ന്‌ ഷാജൻ സ്‌കറിയക്ക്‌ ഇഡി നോട്ടീസ്‌ അയച്ചിരുന്നു.

കോട്ടയത്തെ വീട്ടിലെ വിലാസത്തിലാണ് അയച്ചത്‌. പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തതോടെ ഒളിവിൽപോയ ഷാജൻ ഹാജരായില്ല.ഷാജന്റെ സ്വത്തുക്കളുടെ 10 വർഷത്തെ ആദായനികുതി അടച്ചതിന്റെയും ഇത്രയും കാലത്തെ ബാലൻസ് ഷീറ്റുംസഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.

ഷാജന്റെ പേരിൽ കേസുണ്ടെന്ന്‌ അസിസ്റ്റന്റ് ഡയറക്ടർ എസ് ജി കവിത്കർ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.ഷാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ വിശദവിവരങ്ങൾക്കൊപ്പം വിറ്റുപോയവയുടെയും വിവരങ്ങൾ ഹാജരാക്കണം.

ഷാജന് ഓഹരിപങ്കാളിത്തമുള്ള, രാജ്യത്തെയും വിദേശത്തെയും കമ്പനികൾ–-സ്ഥാപനങ്ങൾ എന്നിവയുടെ 10 വർഷത്തെ ഓഡിറ്റ് ചെയ്‌ത ബാലൻസ് ഷീറ്റും ഹാജരാക്കണമെന്ന്‌ നോട്ടീസിലുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *