ന്യൂഡൽഹി: കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപയെന്ന് വിദേശകാര്യ മന്ത്രാലയം.
പ്രധാനമന്ത്രിയുടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് വന്ന ചെലവിനെ പറ്റിയുള്ള വി ശിവദാസൻ എം.പിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനത്തോടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, ജൂൺ 2023 വരെ ഇരുപത് വിദേശയാത്രകളാണ് നടത്തിയത്.
മണിപ്പൂർ കലാപകലുഷിതമായിരുന്ന മെയ്, ജൂൺ മാസങ്ങളിലും മോദി വിദേശയാത്രയിലായിരുന്നു എന്ന് മറുപടിയിൽ നിന്ന് വ്യക്തമാണ്. മെയ് 19നു ജപ്പാനിലും മെയ് 21നു പപ്പുവന്യൂഗിനിയിലും മെയ് 22നു ഓസ്‌ട്രേലിയയിലും ആയിരുന്നു പ്രധാനമന്ത്രി.
മെയ് 25 നു തിരികെയെത്തിയ അദ്ദേഹം, വീണ്ടും ജൂൺ 20 നു അമേരിയ്‌ക്കയിലേക്കും ഈജിപ്‌തിലേക്കും സന്ദർശനത്തിന് പോയി.
അരുംകൊല ചെയ്യപ്പെട്ട മണിപ്പൂരിലെ പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സന്ദർശിക്കാനോ തയ്യാറാവാതെ വിദേശ യാത്രകളിൽ മുഴുകുകയായിരുന്നു പ്രധാനമന്ത്രിയെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു മുഖമായി മണിപ്പൂർ മാറിയിരിക്കുന്നു. ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള പ്രധാനമന്ത്രിയുടെ മനോഭാവമാണിത് വ്യക്തമാക്കുന്നതെന്നും വി ശിവദാസൻ എംപി പറഞ്ഞു.