Timely news thodupuzha

logo

റായ്ഗഡ് ഉരുൾപൊട്ടൽ; വീടുകൾ മണ്ണിനടിയിൽ, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ

റായ്ഗഡ്: ബുധനാഴ്ച്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായ റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിൽ ഇനിയും 119 പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതർ. നിരവധി വീടുകളാണ് മണ്ണിനടിയിൽ അകപ്പെട്ടത്.

16 പേരുടെ ജീവൻ അപഹരിച്ച അപകടത്തിൻറെ രക്ഷാപ്രവർത്തനവും തിരച്ചിലും ഇന്ന് രാവിലെ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റായ്‌ഗഡ് ഖലാപൂറിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഗ്രാമത്തിലാണ് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.

ഗ്രാമത്തിലെ ആകെ 228 നിവാസികളിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു, 93 താമസക്കാരെ കണ്ടെത്തി. എന്നാൽ 119 ഗ്രാമവാസികളെ ഇനിയും കണ്ടെത്താനുണ്ട്. ഗ്രാമത്തിലെ 50 ഓളം വീടുകളിൽ 17 എണ്ണം മണ്ണിടിച്ചിലിൽ തകർന്നതായി അധികൃതർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന(എൻ.ഡി.ആർ.എഫ്) റായ്ഗഡ് പൊലീസിൻറെയും പ്രാദേശിക അധികാരികളുടെയും ടീമുകൾക്കൊപ്പം വിദൂര ഗ്രാമത്തിൽ രണ്ടാം ദിവസവും പ്രവർത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നാല് എൻ‌.ഡി‌.ആർ‌.എഫ് ടീമുകൾ ഇന്ന് രാവിലെയെത്തി പ്രവർത്തനം ആരംഭിച്ചു. താനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്(ടി.ഡി.ആർ.എഫ്), പ്രാദേശിക ദുരന്ത നിവാരണ അതോറിറ്റികൾ, റായ്ഗഡ് പൊലീസ് എന്നിവരും പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ 6.30നാണ് തിരച്ചിൽ ആരംഭിച്ചതെന്ന് റായ്ഗഡ് പൊലീസ് സൂപ്രണ്ട് സോമന്ത് ഗാർഗെ പറഞ്ഞു.

“തിരയൽ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഞങ്ങൾ ഒരു ഡോഗ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്,” എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച രക്ഷാപ്രവർത്തകരും തിരച്ചിൽ സംഘങ്ങളും മണ്ണിടിച്ചിലിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ 21 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ ഒന്നു മുതൽ നാലു വയസ്സുവരെയുള്ള നാല് കുട്ടികളും 70 വയസ്സുള്ള ഒരാളും ഉൾപ്പെടുന്നു, ഏഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *