നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ യുവ വ്യവസായിയായ അങ്കിത് ചൗഹാന്റെ(32) മരണം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതെന്ന് പൊലീസ്. കാമുകിയായ മഹി ആര്യയാണ് അറസ്‌റ്റിലായിട്ടുള്ളത്.
ക്രൈം പട്രോളെന്ന ഹിന്ദി കുറ്റാന്വേഷക പരമ്പരയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അങ്കിതിനെ കൊല്ലാനുള്ള പദ്ധതി ആര്യ തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നു. പാമ്പാട്ടിയെ ഉപയോഗിച്ചായിരുന്നു കൊലപാതകം.
രാംപൂർ റോഡിലെ രാംബാഗ് കോളനിയിൽ താമസിക്കുന്ന ചൗഹാന്റെ മൃതദേഹമാണ് തീൻപാനി റെയിൽവേ ക്രോസിന് സമീപം കാറിന്റെ പിൻസീറ്റിൽ കണ്ടെത്തിയത്.
കാറിന്റെ എസിയിൽ നിന്ന് കാർബൺ മോണോക്‌സൈഡ് പുറന്തള്ളുന്നതായി പൊലീസ് കണ്ടെത്തി, ഇതാണ് വ്യവസായിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്ന സംശയം.
എന്നാൽ ചൗഹാന്റെ രണ്ട് കാലുകളിലും പാമ്പുകടിയേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി, പാമ്പിന്റെ വിഷം കലർന്നതാണ് മരണകാരണം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഹി ആര്യയുടെ പേര് ഉയർന്നത്.
മഹിയും ചൗഹാനും പരസ്‌പരം ഡേറ്റിംഗിലാണെന്നായിരുന്നു ആരോപണം. ബന്ധം അവസാനിപ്പിക്കാൻ ചൗഹാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ആര്യ കൊലപാതകം പദ്ധതിയിട്ടത്.