മുംബൈ: അദാനി ഗ്രൂപ്പിന്റെ 34,000 കോടി രൂപയുടെ പോളി വിനൈല്‍ ക്ലോറൈഡ്(പി.വി.സി) പദ്ധതിയുടെ ചെലവിന്റെ ഒരു ഭാഗം ധനസഹായമായി നല്കാന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുന്നോട്ടുവന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് അദാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ധനസമാഹരണമാകും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തിനായുള്ള ധനസമാഹരണം പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും. ഇത് ഏകദേശം 14,500 കോടി രൂപ വരും. ബാക്കി സ്വകാര്യ വായ്പാദാതാക്കളില്‍ നിന്നും സമാഹരിക്കും. അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയായ മുന്ദ്ര പെട്രോകെം നടത്തുന്ന ഈ പദ്ധതിയില്‍ ആദ്യം 10 ലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ഒരു പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിന് ഏകദേശം 20,500 കോടി രൂപ ചെലവ് വരും. 2025-26 ഓടെ ആദ്യഘട്ടം കമ്മിഷന് ചെയ്ത ശേഷം രണ്ടാം ഘട്ടത്തില്‍ ശേഷി ഇരട്ടിയാക്കും.
പെട്രോകെം പദ്ധതി ഉള്‍പ്പെടെ നിരവധി പ്രധാന പദ്ധതികള്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഗ്രൂപ്പ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.