തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചു സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ജോലിയിൽ നിന്നും ഒഴിവാക്കി.
നെയ്യാറ്റിൻകര ഡിപ്പോയിലെ താൽകാലിക ഡ്രൈവർ എസ്.എൻ.ഷാജിയെയാണ് പരാതിയെ തുടർന്ന് ജോലിയിൽ നിന്നും നീക്കിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വെള്ളറട് ഡിപ്പോയിലായാരുന്നു സംഭവം.
ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്നും മോശം അനുഭവമുണ്ടായത്.
നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ.എൻ.സി 105ആം നമ്പർ ചെമ്പൂർ വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിൻറെ സീറ്റിന് പിന്നിലാണ് ഇരുവരും ഇരുന്നിരുന്നത്. തുടർന്ന് യാത്രയ്ക്കിടെ പെൺകുട്ടി ഛർദിക്കുകയായിരുന്നു.
എന്നാൽ സംഭവം അറിഞ്ഞതു മുതൽ തങ്ങളോട് ഡ്രൈവർ കർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു. വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങാറായെന്നു മനസിലാക്കിയപ്പോൾ ഡ്രൈവർ പെൺകുട്ടികളോട് വണ്ടി കഴുകിയിട്ട് പോയാൽ മതിയെന്നു പറയുകയായിരുന്നു.
തുടർന്ന് മൂത്ത സഹോദരി വെഹിക്കിൾസ് സൂപ്രണ്ടിൻറെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ട് സമീപത്തെ വാഷ്ബെയ്സിനിൽ നിന്നും കപ്പിൽ വെള്ളം നിറച്ച് ബസിലെത്തി ഇരുവരും ചേർന്ന് കഴുകി വൃത്തിയാക്കി.
തുടർന്നാണ് ഇവരെ പോകാൻ അനുവദിച്ചത്. കെഎസ്ആർടിസി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണ് ഇരുവരും. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാരുടെ ഈ ക്രൂരത നടന്നത്.