കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തേക്കും.
വിനായകൻറെ വിഡിയോ പരിശോധിച്ചതിനു ശേഷമായിരിക്കും തുടർ നടപടികളിലേക്കു കടക്കുക. പ്രകോപനമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നോർത്ത് പൊലീസിനാണ് അന്വേഷണ ചുമതല. വിനായകനെതിരേ പരാതിയില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് കണക്കിലെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
അതേ സമയം തൻറെ വീടിനു നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് വിനായകൻ യൂത്ത് കോൺഗ്രസിനെതിരേ പരാതി നൽകി. കലൂരിലെ ഫ്ലാറ്റിലെത്തിയ പ്രവർത്തകർ ജനൽച്ചില്ലുകൾ അടിച്ചു തകർത്തുവെന്നും വാതിലുകൾ തകർക്കാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.