തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ ജീവനി പദ്ധതി കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ എയ്‌ഡഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു.
പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 24 തിങ്കളാഴ്‌ച രാവിലെ 11ന് തിരുവനന്തപുരം, ഓൾ സെയ്‌ന്റ്സ് കോളേജിൽ നിർവ്വഹിക്കും. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതവും ഉന്നതവിദ്യാഭ്യാസവും കൈവരിക്കുന്നതിന് അവരെ പ്രാപ്‌തരാക്കുന്നതിനായി 2019 മുതൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 75 സർക്കാർ കോളേജുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജീവനി.
എല്ലാ സർക്കാർ കോളേജിലും ഒരു സൈക്കോളജി വിദഗ്ദ്ധനെ വീതം നിയമിച്ച് ആവശ്യമായ കൗൺസിലിംഗും, മാർഗ്ഗനിർദ്ദേശങ്ങളും യഥാസമയം നൽകി വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ – എയ്‌ഡഡ് കോളേജുകളെ പരസ്‌പരം ചേർത്ത് 3000 കുട്ടികൾക്ക് ഒരു കൗൺസിലറെന്ന തോതിൽ നിയമിക്കുകയാണ്.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിലൂടെ കണ്ടെത്തിയാണ് കൗൺസിലർ നിയമനം നൽകിയിട്ടുള്ളത്.
ആകെ 114 കൗൺസിലർമാരെയാണ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിയമിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.