തൊടുപുഴ: ഇടുക്കി ആനച്ചാലിൽ ഉറങ്ങികിടന്ന 7 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കുട്ടികളുടെ മാതൃസഹോദരിയുടെ ഭർത്താവായ അമ്പതുകാരനാണ് പ്രതി. അതിർത്തിത്തർക്കവും കുടുംബ വഴക്കുമാണ് അക്രമത്തിനു കാരണം. പ്രതിയുടെ ഭാര്യ പിരിഞ്ഞു താമസിക്കാൻ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്.
3 ദിവസം മുൻപാണ് കേസിൽ പ്രതിയാണെന്ന് തെളിയുന്നത്. തുടർന്ന് ശനിയാഴ്ച വിധി പ്രസ്താവിക്കുകയായിരുന്നു. 4 വകുപ്പുകൾ പ്രകാരമാണ് വധശിക്ഷയ്ക്ക് പുറമേ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
പ്രതി ജീവിതവസാനം വരെ ജയിലിൽ കഴിയണമെന്നും ശിക്ഷാവിധിയിൽ പറയുന്നു. വിവിധ വകുപ്പുകളിലായി 92 വർഷം തടവും പിഴയും വിധിച്ചിട്ടുണ്ട്.
2021 ഒക്‌ടോബർ 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. തൊട്ടടുത്തുള്ള വീടുകളിലാണ് ബന്ധുക്കൾ താമസിച്ചിരുന്നത്. ഭാര്യാമാതാവിൻറെ വീട്ടിലെത്തിയ പ്രതി അടുക്കള വാതിൽ തകർത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി.
പിന്നെ 7 വയസുകാരനായ ചെറുമകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അവിടെ നിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരേയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം 14 കാരിയായ മകളെ പീഡിപ്പിക്കുകയായിരുന്നു.