ലക്നൗ: പ്രണയത്തിന്‍റെ പേരിൽ മറ്റൊരു ദുരഭിമാനക്കൊല. യുപിയിൽ പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു. മിത്വാര സ്വദേശി ആഷിഫ (18) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍ റിയാസിനെ (22) പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ വെട്ടിയെടുത്ത തലയുമായി പ്രതി പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
യുപിയിൽ ബരാബങ്കിയിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സഹോദരന് ആദ്യം മുതൽ താത്‌പര്യമുണ്ടായിരുന്നില്ല എന്നും ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ തർക്കം പതിവാണെന്നുമാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച സംഭവ ദിവസം രാവിലെയും റിയാസ് ആഷിഫയുമായി വഴക്കിട്ടിരുന്നു. തുടർന്ന് റിയാസ് കത്തി കൊണ്ട് യുവതിയുടെ കഴുത്തിൽ പലതവണ കുത്തി. കഴുത്ത് പൂർണമായും വേർപെടുന്നത് വരെ ആക്രമണം തുടർന്നു.
ഇതിനുശേഷം ഇയാൾ ആഷിഫയുടെ അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. എന്നാൽ ഇതിനിടെ കൊലപാതക വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് റിയാസിനെ വഴിയിൽ വെച്ച് പിടികൂടുകയായിരുന്നു.