ലക്നൗ: ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനക്ക് തുടക്കമായി. തിങ്കളാഴ്ച രാവിലെ ഏഴു മണിക്കാണ് പരിശോധന തുടങ്ങിയത്.
പള്ളിയിൽ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗം വാദിച്ചിരുന്ന സ്ഥലം ഒഴിവാക്കിയാണ് പരിശോധന. 30 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. അംഗശുദ്ധി വരുത്തുന്ന ഇടത്ത് ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു ഹിന്ദു വിഭാഗത്തിൻറെ ആരോപണം.
കാലഘട്ടം നിർണയിക്കുന്നതിനായാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് 4ന് പരിശോധനയുടെ റിപ്പോർട്ട് വാരണാസി കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ വർഷം മേയിൽ കോടതി ഉത്തരവ് പ്രകാരം നടത്തിയ വിഡിയോ സർവേയിലാണ് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗം ആരോപിച്ചിരുന്നത്.
ഇതേ തുടർന്നാണ് സമ്പൂർണ സർവേ വേണമെന്ന് ആവശ്യപ്പെട്ട് വിഭാഗം ഹർജി സമർപ്പിച്ചത്. പള്ളിക്ക് കേടുപാടുണ്ടാകുന്നതിനാൽ പരിശോധന ഒഴിവാക്കണമെന്ന് മുസ്ലിം വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ വാദം അംഗീകരിച്ചിരുന്നില്ല.
ശിവലിംഗമെന്ന് ഹിന്ദു വിഭാഗം വാദിക്കുന്നത് ജലധാരയുടെ ഭാഗമാണെന്നാണ് മുസ്ലിം വിഭാഗത്തിൻറെ വാദം. എന്നാൽ ശരിയായ വസ്തുതകൾ പുറത്തു വരുന്നതിനായി സർവേ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പള്ളിയിലെ ചടങ്ങുകളെ ബാധിക്കാത്ത രീതിയിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.