തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഇതുവരെ സൂര്യാഘാതമേറ്റ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിക്കാനും കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
കഴിഞ്ഞ ആറുമാസത്തിൽ സംസ്ഥാനത്ത് 120 പേർ സൂര്യാഘാതമേറ്റ് മരിച്ചുവെന്ന കണക്ക് കേന്ദ്ര ആരോഗ്യസഹമന്ത്രി ലോക്‌സഭയിൽ ചോദ്യത്തിന് മറുപടിയായുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ കണ്ണൂർ മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ വിവരം തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഇത് ഉടൻ തിരുത്താനും നടപടിയെടുത്തിട്ടുണ്ട്. സൂര്യാഘാതമേറ്റവരുടെ എണ്ണം മരണത്തിന്റെ ഭാഗത്ത് അപ്‌ലോഡ് ചെയ്ത് പോയതാണ് കാരണമെന്നാണ് വിവരം.
അതേസമയം ഉത്തരേന്ത്യയിൽ അടുത്തിടെ ഉഷ്‌ണതരംഗത്തിലുണ്ടായ നൂറുകണക്കിന് മരണങ്ങൾ കേന്ദ്രത്തിന്റെ റിപ്പോർട്ടിലില്ല. കഴിഞ്ഞ ജൂണിൽ മാത്രം കടുത്ത ഉഷ്‌ണതരംഗത്തിൽ ബിഹാറിലും ഉത്തർപ്രദേശിലും മാത്രമായി നൂറോളം പേർ മരിച്ചിരുന്നു.
എന്നാൽ ലോക്‌സഭയിൽ വച്ച കണക്കിൽ ബിഹാറിൽ ആറുമാസത്തിൽ എട്ടും യുപിയിൽ 12ഉം മരണം മാത്രം.
ഇതേമാസം കേന്ദ്രകാലാവസ്ഥാ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയത് ബിഹാർ, ഉത്തർപ്രദേശ്, ചത്തീസ്‌ഗഡ്, ഒഡീഷ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ്. ആ പട്ടികയിലും കേരളമില്ലായിരുന്നു.