തൃശൂർ: വടക്കാഞ്ചേരി പുതുരത്തിയിൽ വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. ഇന്നുച്ചയോടെ വീട്ടുകാർ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.
വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. പിന്നീടാണ് അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് തിരിച്ചറിയുന്നത്.
വീടിൻറെ പിൻ വാതിൽ തകർത്ത് അകത്തു കയറി വെള്ളം പമ്പ് ചെയ്ത് തീയണയ്ക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി നേത്യത്വം നൽകി. വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
അതേസമയം, കോഴിക്കോട് മുക്കത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മിഷീൻ സമാന രീതിയിൽ പൊട്ടിത്തെറിച്ചു. ഞായാറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 4 വർഷം പഴക്കമുള്ള ഗോദ്‌റെജ് കമ്പനി സെമി ഓട്ടോമാറ്റിക് വാഷിംഗ് മിഷീനാണ് പൊട്ടിത്തെറിച്ചത്.
മിഷീനിൽ അലക്കാനിട്ട വസ്ത്രങ്ങളും സ്ഫോടനത്തിൽ ചിതറിപ്പോയി. വയറിലെ ഷോട്ട് സർക്യൂട്ടായിരിക്കാം കാരണമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിലയിരുത്തൽ. പൊട്ടിത്തെറി സമയത്ത് സമീപത്ത് ആളുകളില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.