മലപ്പുറം: കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ഡിസിസി സംഘടിപ്പിച്ച ചടങ്ങില്‍ രാഹുലിന്‍റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. രാഹുല്‍ എത്തിയത് കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയിലെ ആയുര്‍വേദ ചികിത്സയ്ക്കിടെയാണ്.
രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നു വരേണ്ടതെന്നും ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് ഉയർന്നുവന്ന നേതാവാണെന്നും രാഹുൽ പറഞ്ഞു.
അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസിലാക്കാൻ സാധിച്ചുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോയി. എനിക്കറിയാമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് സുഖമില്ല എന്നതും അപകടകരമായ അസുഖമാണ് അദ്ദേഹത്തിനെന്നും. എന്നാല്‍ അദ്ദേഹം എനിക്കൊപ്പം നടക്കണമെന്ന് പറഞ്ഞ് വിളിച്ചു.
ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങി നടക്കുമ്പോള്‍ ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. യാത്രയ്ക്കിടയില്‍ അങ്ങയെ വന്ന് കണ്ടോളാമെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം അതെല്ലാം നിരസിച്ചു.
ഭാരത് ജോഡോയില്‍ നടക്കുമെന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വന്നു, നടന്നു. കൈപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് നടക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും രാഹുല്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കളെ ആവശ്യമുള്ള നാടാണ് കേരളമെന്നും അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് രാഹുല്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാലായിരുന്നു ഉദ്ഘാടകന്‍.
വേദിയില്‍ എത്തിയ രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി വേദിയിലേക്ക് എത്തിയത്.
അതുവരെ മലയാളത്തില്‍ സംസാരിച്ച കുഞ്ഞാലിക്കുട്ടി രാഹുല്‍ ഗാന്ധിയെ കണ്ടതോടെ പ്രസംഗം ഇംഗ്ലീഷിലാക്കി.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ചാണ്ടി ഉമ്മന്‍, എം.വി.ശ്രേയാംസ്കുമാർ, ആര്യാടൻ ഷൗക്കത്ത്, എ.പി.അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് വി.എസ്.ജോയ് തുടങ്ങിയവരും പങ്കെടുത്തു.