അടിമാലി : മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ കാർ ഡ്രൈവരുടെ കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എസ് ഐ യ്ക്ക് ഒത്താശ ചെയ്ത ഡ്രൈവർക്ക് സസ്‌പെൻഷൻ.
അടിമാലി ട്രാഫിക് സ്റ്റേഷനിലെ ഡ്രൈവർ സിയ അലിയെ ആണ് തിരുവനന്തപുരം , പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ് ഐ കെ എ മുജീബിനെ ഒരാഴ്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ 6 ന് ആണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ ചാറ്റു പാറ ഈസ്റ്റേൺ സ്കൂൾ പടിക്കു സമീപം വാഹന പരിശോധനക്കിടെ സ്വകാര്യ ചാനൽ റിപ്പോർട്ടർ ഉൾപ്പെടുന്ന 3 അംഗ സംഘം ഇതു വഴി എത്തി.
തുടർന്നുള്ള പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കേസ് ഒഴിവാക്കാൻ എസ് ഐ യ്ക്കു വേണ്ടി ഡ്രൈവർ 1000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് കാർ ഡ്രൈവർ കൈവശം ഉണ്ടായിരുന്ന 400 രൂപ നൽകി. ശേഷിക്കുന്ന 600 രൂപ അടുത്തുള്ള ബജി കടയിൽ നിന്ന് ഗൂഗിൾ പേ വഴിയും നൽകി. ഇതു സംബന്ധിച്ചുള പരാതിയിൽ ജില്ല പൊലീസ് മേധാവി ടി.യു കുര്യാക്കോസ് നൽകിയ റിപ്പോർട്ടിൽ ആണ് നടപടി