ഇടുക്കി: നിലവിലും ഭാവിയിലും അനന്ത സാധ്യതകളുള്ളതും ഏറ്റവും വലിയവരുമാന ശ്രോതസായി മാറുവാന്‍ സാദ്ധ്യതയുള്ളതുമായ ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇടുക്കി കുളമാവ് ഗ്രീന്‍ ബര്‍ഗ്ഗ് റിസോര്‍ട്ടില്‍ നടത്തിയ ലീഡേഴ്സ് ക്യാമ്പ് ഐകകണ്ഠേന ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ആയത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ല. നാടുകാണി പോലുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളതല്ലാതെ കാര്യക്ഷമമായ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊ, അറ്റകുറ്റപ്പണികളോ നടത്തുന്നില്ല. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്.
ജില്ലയുടെ പ്രവേശനകവാടമായ തൊടുപുഴയ്ക്കടുത്ത് ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ളതും വര്‍ഷത്തിലെ 365 ദിവസവും ജലസമൃദ്ധവുമായ മലങ്കര ജലാശയത്തില്‍ നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നുണ്ടെങ്കിലും ഏറെ നിരാശയോടെയാണ് മടങ്ങുന്നത്. മാട്ടുപ്പെട്ടിയിലും മറ്റും ഉള്ളതുപോലെ മലങ്കര ജലാശയത്തിലും പെഡല്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ സാധ്യമാക്കാവുന്നതാണ്. ടൂറിസം മേഖലയില്‍ പ്രകടമായ മാറ്റം വരുത്തുന്നതിലേക്കായി വിവിധ സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കും കെ.എച്ച്.എഫ്.എ നേതൃത്വം കൊടുക്കുമെന്ന് ക്യാമ്പില്‍ തീരുമാനമെടുത്തു.
കെ.എച്ച്.എഫ്.എ പ്രസിഡന്‍റ് എം.എന്‍ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ സലിം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ. നാഖൂര്‍ ഖനി, ഡോണി കട്ടക്കയം, അനില്‍കുമാര്‍ പി.കെ, വി.എന്‍ ഷമീര്‍, ജോസ് ലറ്റ് മാത്യു, രാജി കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രശസ്ത മോഡറേറ്ററായ ബെന്നി കുര്യന്‍ ക്ലാസ് നടത്തി.