തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മാത്രമല്ല അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. എറണാകുളം മുതൽ കാസർകോട് വരെ 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേ സമയം, സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോഴും പ്രവർത്തനങ്ങൾ തുടരുകയാണ്.
വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാർപ്പിച്ചു. സുൽത്താൻ ബത്തേരി താലൂക്കിൽ ചേകാടി ആൾട്രണേറ്റീവ് സ്‌കൂൾ, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്‌കൂൾ, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്‌കൂൾ, വെങ്ങപ്പള്ളി ആർ.സി എൽ.പി സ്‌കൂൾ, മാനന്തവാടി താലൂക്കിലെ അമൃദ വിദ്യാലയം, ചിറക്കൊല്ലി പൂർണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നത്.