ന്യൂഡൽഹി: യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോകുന്നത് റെയിൽവേ സേവനങ്ങളുടെ പോരായ്മയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സുപ്രീം കോടതി ജൂൺ മാസത്തിൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ സോണുകൾക്കും ആർപിഎഫിനും റെയിൽവേ ഈ നിർദേശം കൈമാറി.
ട്രെയിൻ യാത്രയ്ക്കിടെ തന്റെ വിലപ്പെട്ട വസ്തുക്കൾ മോഷണം പോയെന്ന് അറിയിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ റെയിൽവേ ഒരുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കോടതി ശരിവെച്ചു.
എന്നാൽ, റെയിൽവേയുടെ അപ്പീലിൽ സുപ്രീംകോടതി ഈ വിധി റദ്ദാക്കി. സാധനങ്ങൾ മോഷണം പോകുന്നത് സേവനങ്ങളുടെ അപര്യാപ്തയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ അധികൃതർ പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. യാത്രയ്ക്കിടെ തന്റെ അരയിലെ ബെൽറ്റിൽ സൂക്ഷിച്ചിരുന്ന ഒരുലക്ഷം മോഷണം പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സുരേന്ദർ ബോല കോടതിയെ സമീപിച്ചത്.
യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടത് റെയിൽവേ സേവനങ്ങളുടെ പോരായ്മയാണെന്ന വാദം കോടതി അംഗീകരിച്ചു. എന്നാൽ, യാത്രക്കാർക്ക് സ്വന്തം സാധനങ്ങൾ സൂക്ഷിക്കാൻ കഴിയാത്തതിന് റെയിൽവേ എങ്ങനെ ഉത്തരവാദി ആകുമെന്ന് സുപ്രീംകോടതി ചോദിച്ചു.