ന്യൂഡൽഹി: ആറ് പേർ കൊല്ലപ്പെട്ട ഹരിയാനയിലെ നൂഹിലെ വർഗീയ കലാപത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. നൂഹ് എസ്.പി വരുൺ സിങ്കളയെ ഭിവാനിലേക്ക് സ്ഥലം മാറ്റി. ഐപിഎസ് നരേന്ദ്ര ബിജാർനിയെ നൂഹിലെ പുതിയ എസ്പിയായി നിയമിച്ചു.
ജൂലൈ 31 ആരംഭിച്ച കലാപത്തിൽ നിലവിൽ 176 പേരെ അറസ്റ്റുചെയ്തു. 93 എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. വിശ്വഹിന്ദു പരിഷത്തിൻറെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിക്കുന്നത്.
ഗുരുഗ്രാം അൽവാർ ദേശീയ പാതയിൽ വച്ച് ഒരു സംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതോടയാണ് സംഘർഷം ആരംഭിക്കുന്നത്.
അക്രമികൾ നിരവധി കാറുകൾ കത്തിച്ചു. ഇവർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയിതിർക്കുകയുമായിരുന്നു. ബജംറംഗ്ദൾ പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ബജ്റംഗ്ദൾ പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വിഡിയോ പ്രചരിപ്പിച്ചത്. റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തായി ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.