ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കുറ്റംചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. കേസിലെ പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നേരത്തെ സുപ്രീംകോടതിയിൽ അധികസത്യവാങ്ങ്‌മൂലം നൽകിയിരുന്നു.
രാഹുൽ മോദിയെന്ന് പേരുള്ള മുഴുവൻ ആൾക്കാരെയും അധിക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാതെ ധാർഷ്ട്യം കാണിക്കുകയാണെന്ന് ഈ സത്യവാങ്‌മൂലത്തിൽ പൂർണേഷ്‌മോദി ആരോപിച്ചിരുന്നു.