തൊടുപുഴ: റോട്ടറി ക്ളബ്ബ് തൊടുപുഴ പോലീസുമായി ചേർന്ന് കേരള സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതി സുഭിക്ഷ 2019 മുതൽ അന്നപൂർണ്ണം തൊടുപുഴയെന്ന പേരിൽ നടപ്പിലാക്കി വരികയായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് രണ്ട് വർഷത്തോളം പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു .
ഇപ്പോൾ കോവിഡിന്റെ ഭയാശങ്കകളൊക്കെ മാറി നിൽക്കുന്ന സാഹചര്യമായതു കൊണ്ട് വീണ്ടും പൂർവ്വാധികം ഭംഗിയോടെയും ജനപങ്കാളിത്തത്തോടെയും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് തൊടുപുഴ റോട്ടറി ക്ലബ്ബും തൊടുപുഴ പോലീസും. നഗരത്തിലെത്തുന്ന ഒരാൾ പോലും കയ്യിൽ പണമില്ലാത്തതു കൊണ്ട് പട്ടിണിയാവാൻ പാടില്ലെന്ന മഹത്തായ ആശയമാണ് പദ്ധതിക്ക് പിന്നിൽ.
ഭക്ഷണത്തിനുള്ള സൗജന്യ കൂപ്പണുകൾ ബസ് സ്റ്റാൻഡുകളിലെയും ജില്ലാ ആശുപത്രിയിലെയും പോലീസ് എയ്ഡ് പോസ്റ്റുകളിൽ നിന്നും തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ നിന്നും ലഭിക്കും. രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് സമയം. ഈ കൂപ്പണുകൾ നിശ്ചിത ഹോട്ടലുകളിൽ കൊടുത്താൽ അവർക്ക് സൗജന്യമായി ഭക്ഷണം കഴിക്കാം.
കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ തൊടുപുഴ ഡി.വൈ.എസ്.പി മധു ബാബു സൗജന്യ ഭക്ഷണ കൂപ്പണുകൾ തൊടുപുഴ സി.ഐ.സുമേഷ് സുധാകരന് കൈമാറിക്കൊണ്ട് അന്നപൂർണ്ണം തൊടുപുഴ യുടെ റീ ലോഞ്ചിങ്ങ് ഉദ്ഘാടനം
നിർവ്വഹിച്ചു.
വിശക്കുന്നവന് ഭക്ഷണം കൊടുക്കുകയെന്ന റോട്ടറിയുടെ മഹത്തായ സേവനം അർഹരായ മുഴുവൻ ആളുകളിലേക്കും എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഊന്നിപ്പറഞ്ഞ മധുബാബു റോട്ടറിയുടെ സേവനങ്ങൾ, ജനോപകാരപ്രദമായ കൂടുതൽ മേഖലകളിലേക്ക് കടന്ന് ചെല്ലട്ടെ എന്നാശംസിച്ചു. ചടങ്ങിൽ തൊടുപുഴ റോട്ടറി ക്ലബ്ബ് സെക്രട്ടറി റോണി തോമസ്, റോട്ടറി ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. റെജി ജോസ്, Rtn ലിറ്റോ.പി.ജോൺ, ഹെജി.പി.ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.