താനെ: മഹാരാഷ്ട്രയിൽ താനെയിൽ എൻ.സി.സി കേഡറ്റുകളെ സീനിയർ വിദ്യാർഥി ക്രൂരമായി മർദിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ കോളെജിൽ പ്രതിഷേധവുമായി വിദ്യാർഥികൾ.
താനെയിലെ ജോഷി ബെഡേകർ കോളെജിലാണ് സംഭവമുണ്ടായത്. പരിശീലനത്തിനിടെയാണ് സീനിയർ വിദ്യാർഥി മറ്റു വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്.
എന്നാൽ, പരാതി നൽകാതിരിക്കാൻ കോളെജ് മാനേജ്മെന്‍റ് മർദനമേറ്റ വിദ്യാർഥികളുടെയും അവരുടെ കുടുംബത്തിന്‍റെയും മേൽ സമ്മർദം ചെലുത്തുന്നതായി വിദ്യാർഥി സംഘടനകൾ പറയുന്നു. അതേ സമയം കുട്ടികളെ മർദിച്ച വിദ്യാർഥിയെ കോളെജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോളെജ് മാനേജ്മെന്‍റ് അറിയിച്ചു.
കോളെജിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന ദിവസം ചെളി വെള്ളം തളം കെട്ടി നിൽക്കുന്ന ഗ്രൗണ്ടിൽ കൈകൾ മുകളിലേക്കുയർത്തി തല കുത്തി നിന്നു കൊണ്ടുള്ള പരിശീലനത്തിൽ പരാജയപ്പെട്ടവരെയാണ് സീനിയർ വിദ്യാർഥി വടി കൊണ്ട് ആഞ്ഞടിച്ചത്.
എട്ടു വിദ്യാർഥികളാണ് ക്രൂരതയ്ക്ക് ഇരയായത്. അടുത്തിടെ സ്കൂളിലെ എൻസിസി ഇൻസ്ട്രക്റ്റർ സ്ഥലം മാറിപ്പോയതിനാൽ സീനിയർ വിദ്യാർഥികളാണ് കാഡറ്റുകളെ നിയന്ത്രിച്ചിരുന്നത്.