ബാംഗ്ലൂർ: ഹോസ്റ്റലിൽ പഴകിയ ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണമെന്ന് വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് കർണാടക എം.എൽ.എ കെ.സി.വീരേന്ദ്ര.
ഹോസ്റ്റലിൽ നിരന്തരമായി പഴകിയതും അഴുകിയതുമായ ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ച് സമരം ചെയ്തിരുന്ന ചിത്രദുർഗയിലെ ലോ കോളെജ് വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസ് എം.എൽ.എ രോഷം പ്രകടിപ്പിച്ചത്. ഇതു തീർത്തും തെറ്റാണ്.
ഇനിയൊരിക്കൽ കൂടി ഇങ്ങനെ സംഭവിച്ചാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണം. എന്നിട്ട് പഴകിയ ഭക്ഷണത്തിലെ പുഴുക്കളെ പെറുക്കി അയാളെക്കൊണ്ട് തന്നെ തീറ്റിക്കണം..ബാക്കി കാര്യങ്ങളൊക്കെ പിന്നീട് നോക്കാം.
ഞാനുണ്ട് എന്നാണ് വിദ്യാർഥികളുടെ പരാതി കേട്ടതിനു ശേഷം എംഎൽഎ പ്രതികരിച്ചത്. ചിത്രദുർഗയിൽ നിന്നുള്ള എംഎൽഎ കുട്ടികളോട് വാർഡനെ തല്ലാൻ പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
എം.എൽ.എയുടെ പെരുമാറ്റത്തിൽ പ്രതിപക്ഷം അടക്കമുള്ളവർ വിമർശനമുന്നയിച്ചു കഴിഞ്ഞു. എം.എൽ.എ വിദ്യാർഥികളോട് അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം.
നിയമ, ബിഎഡ് കോഴ്സുകൾ ചെയ്യുന്ന എസ്.സി.എസ്.റ്റി വിദ്യാർഥികൾക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്.
പലപ്പോഴും ദുർഗന്ധമുള്ളതും പുഴുക്കളുള്ളതുമായ ഭക്ഷണമാണ് ഹോസ്റ്റലിൽ നൽകുന്നതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാഞ്ഞതിനെത്തുടർന്ന് സർക്കാർ നടപടി ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നു മുതൽ വിദ്യാർഥികൾ സമരത്തിലാണ്.