Timely news thodupuzha

logo

വാഴവെട്ടിൽ രൂക്ഷ വിമർശനവുമായി കൃഷി മന്ത്രി

കൊച്ചി: കെ.എസ്.ഇ.ബിയുടെ വാഴവെട്ടിൽ രൂക്ഷ വിമർശനവുമായി കൃഷി മന്ത്രി പി.പ്രസാദ്. കെ.എസ്.ഇ.ബിയുടെ നടപടി അത്യന്തം ഖേദകരമാണെന്നും പ്രതിഷേധാർഹമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഒരു കർഷകൻ തന്‍റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ്. ഒരു കർഷകന്‍റെ വിയർപ്പിന് വില നൽകാതെ അവന്‍റെ വിളകളെ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണെന്ന് മന്ത്രി പറഞ്ഞു.

ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ പോലും നഷ്ടമാവാനോ അപകടമുണ്ടാവാനോ പാടില്ലെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ വാഴ കുലച്ച് വിളവെടുക്കാറായപ്പോഴ ല്ലായിരുന്നു കെഎസ്ഇബി ഇടപെടേണ്ടതെന്നും ആ സ്ഥലത്ത് കൃഷി ചെയ്യാൻ പടില്ലായിരുന്നെങ്കിൽ അത് നേരത്തെ പറയണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഓണ വിപണിയെ ലക്ഷ്യമാക്കി നട്ടു വളർത്തിയ 460 വാഴക്കുലകൾ ഒരു മുന്നറിയിപ്പുമില്ലാതെ നശിപ്പിക്കപ്പെട്ടതിന്‍റെ വേദനയിലാണ് ആ കുടുംബം. വാഴക്കൈകൾ വെട്ടി അപകട സാധ്യതകൾ ഒഴിവാക്കാനുളള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ആ കർഷക കുടുംബത്തിനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പി.പ്രസാദ് പറഞ്ഞു. ഇത്തരമൊരു അനുഭവം മറ്റ് കർഷകർക്ക് ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയത്തിൽ എറണാകുളം ജില്ലാ കലക്‌ടർ മൂവാറ്റുപുഴ തഹസിൽദാറോട് വിശദീകരണം തേടി.കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെ.എസ്.ഇ.ബി വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കർഷകൻ അനീഷിന്‍റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്.

ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെഎസ്ഇബിയുടെ നടപടിയെന്ന് അനീഷ് പ്രതികരിച്ചു. വെട്ടി നശിപ്പിച്ചതിൽ മിക്കതും കുലച്ച വാഴകളാണ്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അനീഷ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *