ന്യൂഡൽഹി: മണിപ്പൂരിൽ കത്തിപ്പടരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർശനമായി ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാനത്ത് വിപുലമായ അന്വേഷണം വേണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ സംഘർഷത്തിന് ഇരകളായവരുടെ ദുരിതാശ്വാസം, പുനരധിവാസം എന്നിവയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന വനിതകൾ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗീത മിത്തൽ, വിരമിച്ച ജസ്റ്റിസ്മാരായ ശാലിനി പി. ജോഷി, ആശ മേനോൻ എന്നിവരായിരിക്കും സമിതിയിൽ ഉണ്ടായിരിക്കുക.
സംസ്ഥാനത്തെ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പുനസ്ഥാപിക്കാനാണ് കോടതിയുടെ ശ്രമമെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ്മാരായ ജെ.ബി. പാർഡിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
നേരത്തേ നിർദേശിച്ചതിനനുസരിച്ച് മണിപ്പൂർ ഡിജിപി രാജീവ് സിങ്ങ് കോടതിക്കു മുൽപിൽ ഹാജരായിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു വേണ്ടി അറ്റോണി ജനറൽ ആർ. വെങ്കടമണി, സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത എന്നിവർ കോടതിയിൽ ഹാജരായി.
സംസ്ഥാനത്തെ സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സർക്കാർ വളരെ പക്വതയോടെയാണ് വിഷയത്തെ കൈകാര്യം ചെയ്തതെന്ന് അറ്റോണി ജനറൽ കോടതിയെ അറിയിച്ചു.