കൊല്ലം: പുനലൂർ കാര്യറയിൽ എം.ബി.ബി.എസ് ഇല്ലാത്ത ഡോക്‌ടർ ചികിത്സ നടത്തുന്നതായുള്ള പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർചെയ്‌ത കേസിലാണ് നടപടി.
കാര്യറയിൽ പ്രവർത്തിക്കുന്ന അൽ അമീനെന്ന മെഡിക്കൽ ക്ലിനിക്ക് നടത്തിപ്പുകാരി വസുമതി ഡോക്‌ടർ ഡിഗ്രി നേടിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇവർ കൊട്ടാരക്കര സ്വദേശിയാണ്. വിളക്കുടി പഞ്ചായത്തിൽനിന്ന് ഹോമിയോ ക്ലിനിക്ക് നടത്താൻ ലൈസൻസ് നേടിയിട്ടുണ്ട്. ഇപ്പോൾ ഇതു പുതുക്കിയിട്ടില്ല. പുനലൂർ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.