ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാ ഖാന്‍റെ ജീവൻ അപകടത്തിലാണെന്ന് പി.റ്റി.ഐ(Pakistan Tehreek-e-Insaf). അറ്റോക്ക് ജയിലിലെ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്നതെന്നും അവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും കാട്ടിയാണ് പി.റ്റി.ഐ രംഗത്തെത്തിയിരിക്കുന്നത്.
ഇമ്രാൻ ഖാനെ ജയിലിലെത്തി കാണാൻ ശ്രമിച്ച അഭിഭാഷകരെയും ജയിൽ അധികൃതർ ഞായറാഴ്ച തടഞ്ഞിരുന്നു. സന്ദർശകർക്ക് പ്രവേശനമില്ലെന്നാണ് അറിയിച്ചിരുന്നത്. ഇതിനെതിരെ പി.റ്റി.ഐയും അഭിഭാഷകരുമടക്കം പ്രതിഷേധമറിയിച്ചിരുന്നു.
റാവൽപിണ്ടിയിലെ ജയിലിൽ അടയ്‌ക്കാനാണ് കോടതി നിർദേശിച്ചത്. എന്നാൽ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ തടവിലാക്കിയത്. കോടതി ഉത്തരവ് മറികടന്നതിൽ ദുരൂഹതയുണ്ടെന്നായിരുന്നു ഒരു വിഭാഗം ആരോപിക്കുന്നു.
തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻഖാന് മൂന്ന് വർഷം തടവ് ശിക്ഷയാണ് ഇസ്ലാമാബാദ് കോടതി വിധിച്ചത്. അധികാരത്തിലിരിക്കേ വിലയേറിയ സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് ഇമ്രാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തടവിനു പുറകേ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും അല്ലാത്ത പക്ഷം ആറു മാസം കൂടുതൽ തടവു ശിക്ഷ അനുഭവിക്കണമെന്നും അഡീഷണൽ ജഡ്ജി ഹുമയൂൺ ദിലാവർ വിധിച്ചിട്ടുണ്ട്.