കരിമണ്ണൂര്‍: വൃദ്ധയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മുളപ്പുറം കോട്ടക്കവല പെരുംകുറ്റിയില്‍ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ അമ്മിണിയെയാണ് (85) മരിച്ചനിലയില്‍ കണ്ടെത്തിയത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു കണ്ണിനുകാഴ്ചക്കുറവുണ്ടായിരുന്ന അമ്മിണി ഒറ്റയ്ക്കു താമസിച്ചുവരികയായിരുന്നു. വിളക്കില്‍ നിന്നും ദേഹത്തേക്ക് തീപടര്‍ന്നതാകാമെന്നാണ് സംശയം. മൃതദേഹത്തിനു സമീപത്തുള്ള സാധനങ്ങളും കത്തിയ നിലയിലായിരുന്നു. സമീപത്തെ വീട്ടില്‍ നിന്നുമാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത്. പതിവുപോലെ ഇന്നലെ ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. വിവരം അറിയിച്ചതനുസരിച്ച് കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.