തിരുവനന്തപുരം: സമൂഹത്തിൽ ജാതിചിന്ത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ. മനുഷ്യന് അയിത്തം കൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ വർധിക്കുകയാണ്.
രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കർണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങൾ ഓരോ ദിവസവും പുറത്തു വരുന്നു. ഈ സാമൂഹ്യ വ്യവസ്ഥ ഉണ്ടാകുന്നത് ജാതി വ്യവസ്ഥയുടെ ദുരന്തമാണ്.
ഇത്തരം ദുരന്തങ്ങളിൽ നിന്ന് കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യയിൽ സംഭവിക്കുന്നതു പോലെ കേരളത്തിൽ സംഭവിക്കാൻ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഇതൊരു വ്യക്തിക്കുണ്ടായ പ്രശ്‌നമായിട്ടല്ല കാണുന്നത്. സമൂഹത്തിന് മുഴുവൻ ഉണ്ടായതാണ്. തനിക്ക് പ്രയോരിറ്റി കിട്ടിയില്ല എന്നത് ഒരു പ്രശ്‌നമല്ല. ഒരു വ്യക്തിക്ക് പറ്റിയ കാര്യമല്ല. സമൂഹത്തിന്റെ മൊത്തം കാര്യമാണ്.
ഇത് ബ്രാഹ്മണർക്ക് എതിരെയല്ല. എത്രയോ ബ്രാഹ്മണർ സാമൂഹ്യ മാറ്റങ്ങൾക്ക് വേണ്ടി പോരാടിയിട്ടുണ്ട്. ജാതി വ്യവസ്ഥ ഉണ്ടാക്കിയ മാനസികാവസ്ഥ പെട്ടെന്ന് ഒരുദിവസം മാറ്റാൻ കഴിയില്ല. അത് മനസിൽ പിടിച്ച ഒരു കറയാണ്.
മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് മാറി നിൽക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് ജാതി ചിന്തയും മത ചിന്തയും വരുമ്പോഴാണ്. കേരളത്തിലുും പലരുടേയും മനസിൽ ജാതി ചിന്ത ഇപ്പോഴുമുണ്ട്. അത് പുറത്തെടുത്താൽ സമൂഹം അംഗീകരിക്കില്ല എന്നതു കൊണ്ട് ചെയ്യാത്തതാണ്.
ക്ഷേത്രത്തിലെ സംഭവം വലിയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ല. അത്തരം സംഭവങ്ങൾ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല. പണ്ട് ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്‌ണനാട്ടത്തിൽ പാവപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല.
സ്‌പീക്കർ ആയിരുന്ന സമയത്ത് അവിടെ വച്ച് നടന്ന പരിപാടിയിൽ ഇതിനെതിരെ പ്രതികരിച്ചിരുന്നു. അതിന് പിന്നീട് മാറ്റമുണ്ടായി. അയിത്തമുള്ള മനുഷ്യന്റെ പൈസക്ക് അയിത്തമില്ല. ഏത് പാവപ്പെട്ടവന്റേയും പൈസയ്‌ക്ക് അയിത്തമില്ല.
ഈ പൈസ വരുന്നത് പലരുടേയും കൈകളിലൂടെയാണ്. ഏതെങ്കിലും ഒരു കമ്യൂണിറ്റി മാത്രം വിചാരിച്ചാൽ ഇത് മാറ്റാൻ കഴിയില്ല. എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം.
ക്ഷേത്ര പ്രവേശനത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത് സമൂഹത്തിൽ ഉന്നതരാണെന്ന് പറയുന്നവരാണ്. വഴി നടക്കാനുള്ള സാഹചര്യത്തിനു വേണ്ടിയും പടപൊരുതിയത് അവരാണെന്നും മന്ത്രി വ്യക്തമാക്കി.