ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ നോക്കി കാണുന്ന വനിതാ ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും. പുതിയ പാർലമെന്‍റിലെ ആദ്യ ബില്ലായിട്ടാണ് വനിത ബില്ല് എത്തുന്നത്.
ഇന്നത്തെ അജണ്ടയിൽ ഈ ബില്ലും ഉൾപ്പെടുത്തി. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാളാവും ബില്ല് അവതരിപ്പിക്കുക. തുടർന്ന് ബില്ലിനുമേൽ ഇന്നും നാളെയും ചർച്ച നടത്തും.

നാളെ ബില്ല് പാസാക്കുകയും വ്യാഴാഴ്ച ബില്ല് രാജ്യസഭയിൽ ചർച്ച ചെയ്യുകയും ചെയ്യും. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബില്‍.
അതേസമയം, പുതിയ മന്ദിരം ഇനി ഇന്ത്യയുടെ പാർലമെന്‍റ് എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇനി പുതിയ പാർലമെന്‍റെന്ന പ്രയോഗം ആവശ്യമില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇന്നു മുതൽ പാർലമെന്‍റ് സമ്മേളനങ്ങൾ ഈ മന്ദിരത്തിലാവും നടക്കുക.