Timely news thodupuzha

logo

നവകേരളം കര്‍മപദ്ധതി; ജലസംരക്ഷണ സാങ്കേതിക സമിതി ശില്‍പ്പശാല 6,7 തീയതികളിൽ

തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജലസംരക്ഷണ സാങ്കേതിക സമിതി ശില്‍പ്പശാല ഒക്ടോബര്‍ 6,7 തീയതികളിലായി കോവളം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും.

നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ് മുഖ്യ പ്രഭാഷണം നടത്തും.’ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും’ എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ ഐ.എ.എസ്. ക്ലാസ് നയിക്കും.

തുടര്‍ന്ന് വിവിധ വകുപ്പ് മേധാവികള്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലനത്തോടനുബന്ധിച്ച് ജില്ലകളുടെ അവതരണങ്ങള്‍, അവതരണങ്ങളുടെ ക്രോഡീകരണം, ജലസംരക്ഷണം കാമ്പയിന്‍ അവതരണം, ജില്ലാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, ജില്ലാ ഗ്രൂപ്പ് അവതരണങ്ങള്‍ എന്നിവ നടക്കും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസര്‍ പി. ബാലചന്ദ്രന്‍ നായര്‍ സ്വാഗതവും ഇറിഗേഷന്‍ & പ്ലാനിംഗ്, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുശീല നന്ദിയും പറയും.

സംസ്ഥാനത്ത് ജലദൗര്‍ലഭ്യം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ വരള്‍ച്ച മുന്നില്‍ കണ്ടുകൊണ്ടുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ശില്‍പ്പശാല സംഘടിപ്പക്കുന്നതെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. റ്റി.എന്‍.സീമ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *