Timely news thodupuzha

logo

മഴ ജാ​ഗ്രതാ; പകർച്ചവ്യാധികൾക്കെതിരെ ശ്രദ്ധവേണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

ക്യാമ്പിലാര്‍ക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ പാര്‍പ്പിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് മരുന്ന് മുടങ്ങരുത്.

കുട്ടികള്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ വേണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉറപ്പ് വരുത്തണം.

ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു. മഴയ്ക്ക് ശേഷം വരുന്ന രോഗങ്ങള്‍ക്കെതിരെ ശ്രദ്ധിക്കണം.

ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം.

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനികള്‍ എന്നിവയാണ് മഴയ്ക്ക് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങള്‍. ക്യാമ്പിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളേയും പ്രതിരോധിക്കാനും സാധിക്കും.

എലിപ്പനി – മണ്ണുമായോ മലിന ജലവുമായോ സമ്പര്‍ക്കമുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക വീതം) കഴിച്ചിരിക്കേണ്ടതാണ്. ആരംഭത്തില്‍ എലിപ്പനി കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും.

കൊതുകുജന്യ രോഗങ്ങള്‍ – ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ ഗുനിയ, വെസ്റ്റ് നൈല്‍, ജപ്പാന്‍ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ വീടും പരിസരവും, ക്യാമ്പുകളും വെള്ളം കെട്ടിനിന്ന് കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നശിപ്പിക്കണം.

വായുജന്യ രോഗങ്ങള്‍ – എച്ച്1 എന്‍1, വൈറല്‍ പനി, ചിക്കന്‍പോക്‌സ് തുടങ്ങിയ വായുജന്യ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് അഭികാമ്യം.

ജലജന്യ രോഗങ്ങള്‍ – വയറിളക്കം, കോളറ, ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വയറിളക്കം വന്നാല്‍ ഒആര്‍എസ് ലായനി ആവശ്യാനുസരണം നല്‍കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം എന്നിവയും കൂടുതലായി നല്‍കുക. നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

ചര്‍മ്മ രോഗങ്ങള്‍ – കഴിയുന്നതും ചര്‍മ്മം ഈര്‍പ്പരഹിതമായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ കൈയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *