വണ്ണപ്പുറം: ഗ്രാമ പഞ്ചായത്തിലെ കർഷകരും കാളിയാർ റെയ്ഞ്ച് ഓഫീസറും തമ്മിൽ വന നിയമങ്ങൾ സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാർഷിക-തൊഴിൽ മേഖലകളിൽ ഒട്ടേറെ പ്രതിസന്ധികൾക്ക് കാരണമായി. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഇടപെടുകയും എം.എൽ.എ പി.ജെ.ജോസഫിന്റെ സാന്നിദ്ധ്യത്തിൽ വനം വകുപ്പുമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ, വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, മെമ്പർമാരായ ആൻസി സോജൻ, അഡ്വ.ആൽബർട്ട് ജോസ് എന്നിവരുൾപ്പെടെ പങ്കെടുത്ത ചർച്ചയുടെ അടിസ്ഥാനത്തിൽ റെയിഞ്ചറുടെ നടപടികൾ നിർത്തി വക്കുവാൻ വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉത്തരവിട്ടു.
കൂടാതെ തിരുവനന്തപുരം ചീഫ് കൺസർവേറ്ററുടെ നേതൃത്തിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തേടുകയും ചെയ്തു. ഭൂ – വന നിയമങ്ങളുടെ പേരിൽ കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടികൾക്ക് എതിരെ യു.ഡി.എഫ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു യു.ഡി.എഫ് നേതാക്കളായ കെ.എച്ച്.അസീസ്സ്, ബേബി വട്ടക്കുന്നേൽ, സണ്ണി കളപ്പുര, പി.എം.ഇല്യാസ്, സജീ കണ്ണംമ്പുഴ, ജിജോ ജോസഫ്, എം.റ്റി.ജോണി, രാജീവ് ഭാസ്ക്കരൻ, ഷൈനി റെജി, റഷീദ് തൊട്ടുങ്കൽ, ലത്തീഫ് ഇല്ലിക്കൽ, രവി കൊച്ചിറക്കുന്നേൽ, സി.കെ.ശിവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്. മുണ്ടൻ മുടി നാരംകാനം പ്രദേശങ്ങൾ സന്ദർശിച്ച ചീഫ് കൺസർവേറ്റർക്ക് മുമ്പിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും വിവരങ്ങൾ ധരിപ്പിച്ചു.