Timely news thodupuzha

logo

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 35,000 രൂപ പിഴയും. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുൻ ഭവനത്തിൽ മിഥുൻനെയാണ്(26) തിരുവനന്തപുരം അതിവേഗ പ്രത്യേക ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.

പിഴ തുക കുട്ടിക്ക് നൽകണം. ലീഗൽ സർവീസസ് അതോറിട്ടി നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. 2021 നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകേറിയ പ്രതി കുട്ടിയുടെ ഉടുപ്പും അടി വസ്ത്രങ്ങളും വലിച്ച് കീറി പീഡിപ്പിക്കുകയായിരുന്നു.

സംഭവം കണ്ട് വന്ന അമ്മ ബഹളം വെച്ചെങ്കിലും പ്രതി കുട്ടിയെ വിട്ടില്ല. അമ്മ നിലവിളിച്ച് നാട്ടുകാരെ കൂട്ടിയപ്പോൾ കുട്ടിയെ വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതിൽ കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റു. സംഭവത്തിനുശേഷം പ്രതിയെ ഭയന്ന് വീട്ടുകാർ പരാതിനൽകിയില്ല.

കുട്ടി പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് രക്ഷിതാക്കളുമായി എത്തി പള്ളിക്കൽ പോലീസിൽ പരാതി നൽകിയത്.പരാതി നൽകിയെന്ന് അറിഞ്ഞ പ്രതി വീട്ടുകാരെ മർദ്ദിക്കുകയും പരാതി പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കോടതി വിചാരണ സമയത്ത് പ്രതിക്കെതിരെ മൊഴി നൽകിയാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാലും കുട്ടിയും വീട്ടുകാരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് റിമാൻഡിലാണ് വിചാരണ നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.അഖിലേഷ്.ആർ.വൈ ഹാജരായി.

വനിതാ സീനിയർ സി.പി.ഒ.ആഗ്നസ് വിർജിൻ പ്രോസിക്യൂഷൻ എയ്ഡായിരുന്നു. പള്ളിക്കൽ എസ്.ഐ എം.സാഹിൽ, വർക്കല ഡി.വൈ.എസ്.പി പി.നിയാസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ പതിനേഴ് സാക്ഷികളേയും പ്രതിഭാഗം പ്രതിയെ അടക്കം നാല് സാക്ഷികളെ വിസ്തരിച്ചു. മൂന്ന് തൊണ്ടിമുതലും ഇരുപത് രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *