വാഷിങ്ടൻ: നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിച്ചുരുക്കാൻ കാനഡയെ നിർബന്ധിപ്പിക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎസും ബ്രിട്ടണും. പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര പ്രതിനിധികൾ രാജ്യത്തുള്ളത് നല്ലതാണ്.
നയതന്ത്ര ബന്ധം സംബന്ധിച്ച് 1961ലെ വിയന്ന കൺവെൻഷൻ നിബന്ധനകൾ പാലിക്കണമെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യൂ മില്ലർ പറഞ്ഞു.
ഇന്ത്യയിൽ നിന്നും കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് തിരികെ പോകേണ്ട തരത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടഷ് വിദേശകാര്യ ഓഫീസും അറിയിച്ചു. ഇന്ത്യയുടെ നടപടി വിയന്ന കൺവെഷന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ നയതന്ത്ര ഓഫീസുകളിലെ 41 ഉദ്യോഗസ്ഥരെ കാനഡ വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ് കാനഡയ്ക്ക് പിന്തുണയുമായി ബ്രിട്ടണും അമെരിക്കയും രംഗത്തെത്തിയത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.