കാഞ്ഞാര്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം
തൊടുപുഴ: 15 വയസ്സുകാരിയെ ഉപയോഗിച്ച് കളവായി ലൈംഗികാരോപണം ചാര്‍ത്തി പോക്‌സോ കേസ് എടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജയിലിലടച്ച കാഞ്ഞാര്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. അയല്‍വാസിയായ സര്‍ക്കാര്‍ ജീവനക്കാരന്‍ ജോമോന്‍ സന്ധ്യാ സമയത്ത് ഉച്ചത്തില്‍ ടേപ്പ് റെക്കോര്‍ഡറില്‍ പാട്ട് വെക്കുന്നത് മൂലം തനിക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്റെ തുടക്കം. പരാതിയുടെ അന്വേഷണാര്‍ത്ഥം സ്റ്റേഷനിലേക്ക് വിളിപ്പിച്ച ജോമോനും പോലീസുകാരും തമ്മില്‍ സ്റ്റേഷനില്‍ വെച്ച് വാക്ക് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. തുടര്‍ന്ന് തന്നെയും ഭാര്യയെയും പോലീസുകാര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് ജോമോന്‍ പോലീസിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതോടെ പോലീസുകാരനെ മര്‍ദ്ദിച്ചു എന്നാരോപിച്ച് കാഞ്ഞാര്‍ സ്റ്റേഷനിലെ സി.പി.ഒ ബിജുമോന്റെ പരാതിയില്‍ പോലീസ് തിരിച്ചും കേസ് എടുത്തു. സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റ ജോമോന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതറിഞ്ഞ് അപകടം മണത്ത പോലീസ് പരാതിക്കാരിയായ 15 വയസ്സുകാരിയെ കൊണ്ട് ജോമോനെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിപ്പിച്ച് ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. വീട്ടില്‍ അതിക്രമിച്ചു കയറി അശ്ലീല ചുവയില്‍ സംസാരിച്ചുവെന്നും പരാതിക്കാരിയോടും 60 വയസ്സായ അമ്മൂമ്മയോടും ലൈംഗിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ചു എന്നും പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ വെച്ച് പോലും ലൈംഗിക ബന്ധത്തിന് അഭ്യര്‍ത്ഥിച്ചതായും മറ്റും മൊഴി രേഖപ്പെടുത്തി ജോമോനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് ജോമോനെ പോലീസ് അറസ്റ്റ് ചെയ്ത് 19 ദിവസം ജയിലിലടച്ചു. കേസ് വിചാരണ ചെയ്ത ഇടുക്കി പോക്‌സോ കോടതി പെണ്‍കുട്ടിയുടെയും അമ്മൂമ്മയുടെയും ആരോപണം കളവാണെന്ന് കണ്ടെത്തി. പോലീസ് സ്റ്റേഷനില്‍ വെച്ച് ജോമോനും ഭാര്യക്കും മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന പ്രത്യാഘാതം തടയാന്‍ പോലീസ് 15 വയസ്സുകാരിയെ പ്രേരിപ്പിച്ച് മനപ്പൂര്‍വം കെട്ടിച്ചമച്ചതാണ് ജോമോനെതിരെയുള്ള പോക്‌സോ കേസ് എന്നുകണ്ട് ഇയ്യാളെ കോടതി കുറ്റ വിമുക്തനാക്കി. പോലീസ് അനഭിലഷനീയമായ രീതിയില്‍ പെരുമാറിയെന്നും, എന്തിനുവേണ്ടിയാണോ പോലീസിനെ സമൂഹം നിയോഗിച്ചിരിക്കുന്നത് അതിന് ഘടക വിരുദ്ധമായ പെരുമാറ്റമാണ് കാഞ്ഞാര്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ജഡ്ജി ടി.ജി. വര്‍ഗീസ് വിധി ന്യായത്തില്‍ രേഖപ്പെടുത്തി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി.കെ. വിദ്യാസഗാര്‍, ഗൗതം പുഷ്പന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. തന്നെ അന്യായമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയും ജയിലിലടക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ജോമോന്റെയും കുടുംബത്തിന്റേയും ആവശ്യം.