Timely news thodupuzha

logo

തെക്കൻ ഗാസയിലേക്ക്‌ പലായനം ചെയ്‌തവർ അഭയകേന്ദ്രങ്ങളിൽ നയിക്കുന്നത്‌ നരകജീവിതം

ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തെ തുടർന്ന്‌ തെക്കൻ ഗാസയിലേക്ക്‌ പലായനം ചെയ്‌തവർ അഭയകേന്ദ്രങ്ങളിൽ നയിക്കുന്നത്‌ നരകജീവിതം. ഐക്യരാഷ്‌ട്ര സംഘടനയുടെ അഭയ കേന്ദ്രങ്ങളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞു. 160 പേർക്കായി ഒരു ശുചിമുറിയാണുള്ളത്‌. ശുദ്ധജലവും നല്ല ഭക്ഷണവും കിട്ടാക്കനിയാണ്‌.

ഉപ്പുവെള്ളത്തിനും ഒരു കഷ്‌ണം റൊട്ടിക്കുമായി മണിക്കൂറുകൾ വരി നിൽക്കേണ്ട സ്ഥിതി. മാലിന്യം കുന്നുകൂടി. മലിനജലം തെരുവുകളിൽ നിറഞ്ഞു. പമ്പുകളും ​​ശുദ്ധീകരണ പ്ലാന്റുകളും ​​ഇന്ധനമില്ലാതെ നിലച്ചതോടെ ടാപ്പുകളിൽ വെള്ളമില്ല.

മഴയും തണുപ്പും ദുരിതം വർധിപ്പിച്ചു. ഡീർ അൽ-ബാലയിലെ ഒരു ആശുപത്രിക്ക്‌ സമീപത്തെ അഭയ കേന്ദ്രത്തിൽ മഴയിൽ വെള്ളംകയറി. ടാർപ്പോളിൻ മറച്ച ടെന്റ്‌ ചെളി നിറഞ്ഞ സ്ഥിതിയാണ്‌.

പല ടെന്റുകളും തകർന്നു. കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ച ആറു ലക്ഷം പേർക്ക്‌ അടിസ്ഥാന സൗകര്യം ഉൾപ്പെടെ നൽകാൻ ഐക്യരാഷ്‌ട്ര സംഘടനയുടെ അഭയാർഥി ഏജൻസി പാടുപെടുകയാണ്‌. ബുധനാഴ്‌ചയോടെ ഇന്ധനം പൂർണമായും തീരും.

Leave a Comment

Your email address will not be published. Required fields are marked *