തിരുവനന്തപുരം: കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നീക്കം. ഇതു സംബന്ധിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി കേന്ദ്ര മന്ത്രി ആർ.കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിലവിൽ തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുതനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസര്‍ച് സെന്‍ററാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഈ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണനിലവാരമുള്ള തോറിയം കേരള തീരത്തു കാര്യമായുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. തോറിയം അധിഷ്ഠിത ആണവ നിലയം വരുന്നതിന് വലിയ പ്രതിസന്ധികള്‍ മറികടക്കേണ്ടി വരും.
പരിസ്ഥിതി വാദികളുടെ ഭാഗത്തു നിന്നടക്കം വലിയ എതിർപ്പുകൾക്ക് സാധ്യതയുണ്ട്. നിലവിൽ കേരളത്തിൽ ആണവ നിലയമില്ല. ആണവ വൈദ്യുത നിലയങ്ങളോട് സംസ്ഥാനത്ത് പൊതുവായി എതിര്‍പ്പുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനു പുറമേ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പവർ പ്രോജക്റ്റുകൾക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുക, പദ്ധതികൾക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം നൽകുക, നബാർഡിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകുക.
2018ലെ ആർ.ഡി.എസ്. സ്കീമിന്റെ നിരക്ക് പുതുക്കുക, സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ബദൽ മാർഗരേഖ അംഗീകരിക്കുക, പുതിയതായി സ്ഥാപിക്കുന്ന ഇ.വി ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന അഡിഷണൽ ഇൻഫ്രാസ്ട്രെക്ച്ചറിന്റെ ചെലവ് വഹിക്കുക, അംഗന്‍ ജ്യോതി പദ്ധതി വിപുലപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ കേരളം മുന്നോട്ടു വെച്ചിട്ടുണ്ട്.