ഇടുക്കി: അക്ഷയ കേന്ദ്രങ്ങള്‍ സേവനത്തിന്റെ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി അക്ഷയദിനം സംഘടിപ്പിച്ചു. പൈനാവിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍ ഉദ്ഘാടനം ചെയ്തു.
മറ്റ് സംസ്ഥാനങ്ങള്‍ക്കും വിദേശ രാജ്യങ്ങള്‍ക്കും മാതൃകയാണ് സംസ്ഥാനത്തെ അക്ഷയ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പോലെ കേരളം ലോകത്തിന് നല്‍കിയ മാതൃകയാണ് അക്ഷയ ഡിജിറ്റല്‍ സെന്ററുകള്‍. സര്‍ക്കാര്‍ ഓഫീസുകളുടെ മുഖമായി അക്ഷയ കേന്ദ്രങ്ങള്‍ മാറിയെന്നും സബ് കളക്ടര്‍ പറഞ്ഞു.
എ.ഡി.എം ഷൈജു പി ജേക്കബ് അധ്യക്ഷത വഹിച്ചു. അക്ഷയദിനാഘോഷത്തോടനുബന്ധിച്ച് ആധാര്‍ പുതുക്കല്‍ പരിശീലനവും കലാ-കായിക പരിപാടികളും നടന്നു. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ഷംനാദ് സി. എം, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കുര്യാക്കോസ് കെ.വി, ലൈഫ് മിഷന്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സബൂറ ബീവി, ജില്ലാതല ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.