താന: വളകൾ ധരിച്ചതിന് ഭാര്യയെ തല്ലിച്ചതച്ച ഭർത്താവും ബന്ധുകളും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗ എന്ന സ്ഥലത്താണ് വളകൾ അണിഞ്ഞതിന് യുവതി ക്രൂര മർദനത്തിനിരയായത്.
23കാരിയായ യുവതിയുടെ പരാതിയിലാണ് റാബെല പൊലീസാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസെടുത്തത്. പ്രദീപ് ആർക്ഡെ എന്ന 30കാരനും ബന്ധുക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്.
ഭാര്യ ആഭരണങ്ങൾ ധരിക്കുന്നതിനെ പ്രദീപ് വിലക്കിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇഷ്ടമുള്ള വളകൾ ധരിച്ച യുവതിയെ യുവാവും ഭർതൃമാതാവും ചേർന്ന് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു.
നിലത്തിട്ട് ചവിട്ടിയും ബെൽറ്റിനുള്ള ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടിയതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ പരാതി നൽകുകയായിരുന്നു.
ഇവിടെ നിന്നാണ് കേസ് നവി മുംബൈയിലേക്ക് കൈമാറിയത്. മനപ്പൂർവ്വം പരിക്കേൽപ്പിച്ചതിനും ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും അനധികൃതമായി തടഞ്ഞുവച്ചതിനും അപമാനിച്ചതിനുമാണ് ഭർത്താവിനും ബന്ധുക്കൾക്കെതിരായ കേസ്.