ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.
2020 മുതൽ ബില്ലുകളിൽ ഒപ്പിടാതെ ഈ മൂന്നു വർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. ഗവർണർക്കെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കോടതി നോട്ടീസ് നൽകിയതിനു പിന്നാലെ ഗവർണർ വീണ്ടും ബില്ലുകൾ ഒപ്പിടാതെ മടക്കി അയച്ചെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ വിശദ വാദം കേൾക്കുന്നതിനായി ഡിസംബർ ഒന്നിലേക്ക് കോടതി കേസ് മാറ്റി.