Timely news thodupuzha

logo

ഗോഡ് ഓഫ് സ്മോൾ തിങ്സ്’ൽ നിന്നും മേരി റോയ് യാത്രയായി

കോട്ടയം: പ്രശസ്ത സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവർത്തകയും കോട്ടയത്തെ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയുമായ മേരി റോയ് (86) അന്തരിച്ചു. ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധി നേടിയെടുത്തതും മേരി റോയിയാണ്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയുമാണ് മക്കൾ. ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ അരുന്ധതി റോയ് സമർപ്പിച്ചിരിക്കുന്നത് മേരി റോയിക്കാണ്.

1967ൽ കോട്ടയത്ത് സ്ഥാപിച്ച കോർപസ് ക്രിസ്റ്റി എന്ന സ്കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. പ്രശസ്ത വാസ്തുശിൽപി ലാറി ബേക്കറാണ് സ്കൂൾ കെട്ടിടം രൂപകൽപന ചെയ്തത്. പരമ്പരാഗത വിദ്യാഭ്യാസ സങ്കൽപങ്ങളെ പൊളിച്ചെഴുതിയ മേരി റോയ് സ്ഥാപിച്ച സ്കൂൾ ഇന്ന് വിദ്യാഭ്യാസ രംഗത്ത് പ്രശസ്തമാണ്. 

കോട്ടയത്തെ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി ഐസക്കിന്റെ മകളുമായി 1933ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളെജിൽ നിന്ന് ബിരുദം നേടിയ ശേഷം കൊൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്തു. ഇവിടെ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം കഴിച്ചു. കുടുംബ പ്രശ്നങ്ങൾ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി. ആ വീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പിന്നീട് കോടതിയിലെത്തി ചരിത്രപരമായ ഒരു സുപ്രീംകോടതി വിധിയിലെത്തിയത്.

വർഷങ്ങൾ നീണ്ട മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. 

അതേസമയം കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പിൽക്കാലത്തു സഹോദരന് തന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ് പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം അതിനുവേണ്ടിയുള്ള യുദ്ധമായിരുന്നു അതെന്നും പിന്നീട് മേരി റോയ് വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *