Timely news thodupuzha

logo

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ആർ അശ്വിൻ

ബ്രിസ്ബെയ്ൻ: ഇന്ത്യൻ ക്രിക്കറ്റിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ന്യൂസിലൻഡ് ഇന്ത്യയെ 3-0 എന്ന നിലയിൽ തൂത്തുവാരിയ ടെസ്റ്റ് പരമ്പരയിൽ അശ്വിന് ശോഭിക്കാനായിരുന്നില്ല.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ വാഷിങ്ടൺ സുന്ദറായിരുന്നു ഏക സ്പിന്നർ. രണ്ടാം ടെസ്റ്റിൽ അശ്വിൻ കളിച്ചെങ്കിലും വീണ്ടും നിരാശ. മൂന്നാം ടെസ്റ്റിൽ അശ്വിനെ മാറ്റി രവീന്ദ്ര ജഡേജയെയാണ് കളിപ്പിച്ചത്. അശ്വിൻ കളിച്ച രണ്ടാം ടെസ്റ്റിനു ശേഷം ബൗളിങ് നിരയെ ലക്ഷ്യമാക്കി പരസ്യ വിമർശനം തന്നെ ക്യാപ്റ്റൻ രോഹിത് ശർമ ഉന്നയിച്ചിരുന്നു.

ജസ്പ്രീത് ബുംറ മാത്രമല്ല ഇന്ത്യയുടെ ബൗളറെന്നും, മറ്റു ബൗളർമാരും ഉത്തരവാദിത്വത്തോടെ കളിക്കണമെന്നുമായിരുന്നു രോഹിതിൻറെ വിമർശനം. 38 വയസായ അശ്വിൻ ഇന്ത്യക്കായി 106 ടെസ്റ്റും 116 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചു.

ആദ്യ കാലത്ത് ഓൾ ഫോർമാറ്റ് പ്ലെയറായി‌രുന്ന അശ്വിനെ പിൽക്കാലത്ത് ടെസ്റ്റ് സ്പെഷ്യലിസ്റ്റായി മാറ്റി നിർത്തിയിരുന്നു. 537 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ ലോവർ ഓർഡറിൽ മികച്ച ബാറ്ററുമായിരുന്നു.

ആറ് സെഞ്ചുറിയും 14 അർധ സെഞ്ചുറിയും അടക്കം 3503 ടെസ്റ്റ് റൺസെടുത്തിട്ടുണ്ട്. എന്നാൽ, എസ്. വെങ്കട്ടരാഘവനും ഹർഭജൻ സിങ്ങിനും മുകളിൽ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നറായി തന്നെയാവും ക്രിക്കറ്റ് ചരിത്രം അശ്വിനെ അടയാളപ്പെടുത്തുക.

ടെസ്റ്റ് മത്സരങ്ങളിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, എട്ട് തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 156 വിക്കറ്റും അന്താരാഷ്ട്ര ടി20യിൽ 72 വിക്കറ്റും നേടി. ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യക്കാരൻ എന്ന അനിൽ കുംബ്ലെയുടെ (619) റെക്കോഡ് അശ്വിൻ മറികടക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ടാണ് അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം.

ഇന്ത്യക്കായി ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് അശ്വിനാണ്, കുംബ്ലെയെക്കാൾ (35) രണ്ടെണ്ണം കൂടുതൽ. പത്ത് വിക്കറ്റ് നേട്ടം ഇരുവർക്കും എട്ട് വീതം. അനിൽ കുംബ്ലെ വിരമിക്കുകയും ഹർഭജൻ സിങ് നിറം മങ്ങിത്തുടങ്ങുകയും ചെയ്ത സമയത്തായിരുന്നു ഇന്ത്യയുടെ പ്രീമിയം ഓഫ് സ്പിന്നർ എന്ന നിലയിലേക്കുള്ള രവിചന്ദ്രൻ അശ്വിൻറെ ആവിർഭാവം.

ആദ്യ ടെസ്റ്റിൽ തന്നെ ഒമ്പത് വിക്കറ്റുമായി പ്ലെയർ ഓഫ് ദ മാച്ച്. യുസ്വേന്ദ്ര ചഹലിൻറെയും കുൽദീപ് യാദവിൻറെയും വരവോടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് അശ്വിൻ മാറ്റിനിർത്തപ്പെട്ടെങ്കിലും, ഐപിഎൽ കളിച്ച് മികവ് തെളിയിച്ച് ടെസ്റ്റ് ടീമിലെത്തി‍യ ആളാണ് അദ്ദേഹം. 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *