കൊച്ചി: കാസർഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാന അധ്യാപികയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഡിസംബർ 14 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. നേരത്തേ ജില്ലാ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതിനു പിന്നാലെ ഇവർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ നൽകുന്നതിന് കൂടുതൽ സമയം വേണമന്നായിരുന്നു ഹർജിയിലെ ആവശ്യം. തുടർന്ന് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ മാസം 19ന് കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എ.യു.പി സ്കൂളിലാണ് കേസിനാസ്പദമായ സംഭവം.
മുടി നീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മുടിയാണ് പ്രധാനാധ്യാപിക മുറിച്ചത്. തുടർന്ന് വീട്ടിലെത്തിയ കുട്ടി സ്കൂളിൽ പോകാൻ കൂട്ടാക്കിയില്ല. തുടർന്നു പൊലീസിൽ പരാതി നൽകി.
പ്രധാനാധ്യാപിക ഷേർളിക്കെതിരേ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമപ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്റ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്.