കൊല്ലം: ഇന്നും കൊല്ലത്ത് നവകേരള സദസിനെതിരെ പ്രതിഷേധം. നഗരമധ്യത്തില്‍ ഡി.വൈ.എഫ്.ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലായിരുന്നു തെരുവിൽ ഏറ്റുമുട്ടൽ.
വടി ഉപയോഗിച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ് കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ കരിങ്കൊടി കാണിക്കാന്‍ എത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാട്ടാന്‍ ശ്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐക്കാര്‍ തടഞ്ഞു.
ഇതിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തമ്മിൽ തല്ലിൽ നിരവധി പേർക്ക് പരിക്കേറ്റു. പിന്നീട് പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് മാറ്റിയത്.
ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസുകാർ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ആന്ദബല്ലീശ്വരം ക്ഷേത്രത്തിന് സമീപം മഹിളാ കോൺഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി കാണിച്ചു. കരുനാഗപ്പള്ളി, ശക്തികുളങ്ങര, ചവറ എന്നിവിടങ്ങളിൽ നിന്നും നിരവധി പേരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.